(വഴി) മൂവാറ്റുപുഴ

(1995 മാർച്ചിൽ മേള രജതജൂബിലി സോവനീറിൽ പ്രസിദ്ധീകരിച്ചത്)

 

മൂവാറ്റുപുഴ എനിക്കന്യമായ സ്ഥലമല്ല. ഞാൻ ജനിച്ച കോട്ടയത്തുനിന്നും താമസിച്ച തൃക്കാരിയൂരിലേക്ക് സഞ്ചരിക്കുന്നത് മൂവാറ്റുപുഴ വഴിയാണ്. കോട്ടയത്തെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ ഞാൻ മൂവാറ്റുപുഴയെ കണ്ടിരുന്നു - ചെറുപ്പം മുതലേ.

ഞാൻ പഠിച്ച കോതമംഗലത്തുനിന്നും അകലെയല്ലല്ലോ മൂവാറ്റുപുഴ. വിദ്യാർത്ഥിയായിരിക്കേ, എന്റെ പല സുഹൃത്തുക്കളും മൂവാറ്റുപുഴക്കാരായിരുന്നു. എന്റെ കുട്ടുകാർ പലരും മൂവാറ്റുപുഴയിൽ പോയി മാറ്റിനി കാണുമായിരുന്നു. ഞാനതിന് പോയിട്ടില്ല. കോതമംഗലത്തുതന്നെ സിനിമകൾ ക്ലാസ്സ് കളഞ്ഞ് ഞാൻ കണ്ടിട്ടില്ലല്ലോ. അന്ന് ഞങ്ങൾക്കൊരു വിദ്യാർത്ഥിസംഘടനയുണ്ടായിരുന്നു. - രാഷ്ട്രീയമില്ലാത്ത കലാ-സാംസ്‌കാരിക പ്രസ്ഥാനം. അതിന്റെ പ്രവർത്തനങ്ങൾക്കുയി ചിലപ്പോഴൊക്കെ നിർമ്മലാ കോളേജിൽ പോയിക്കൊണ്ടിരുന്നു. അങ്ങിനെ ഞാനും മൂവാറ്റുപുഴയും പഴയ പരിചയക്കാർ, പഴയ ചങ്ങാതികൾ.

സർക്കാർ സർവ്വീസിലെ ഉദേ്യാഗം ലഭിച്ച് മൂവാറ്റുപുഴയിൽ വരുന്നതോടെയാണ് ഞാൻ നിത്യവും മൂവാറ്റുപുഴയിൽ എത്തുന്നത്. തൃക്കാരിയൂരിൽ നിന്നും രാവിലെ വണ്ടികയറി മൂവാറ്റുപുഴയിലെത്തുന്നു. ഞങ്ങളുടെ ഓഫീസ് അന്ന് ടൗണിൽ തന്നെയായിരുന്നു. ടിബിയിലേക്ക് കയറുന്ന വഴിയിൽ. ഇന്നവിടെ ഹോട്ടലാണെന്നു തോന്നുന്നു. പൊതുമരാമത്തിന്റെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ പക്ഷേ, ഞാൻ അസ്വസ്ഥനായിരുന്നു. എന്റെ മോഹങ്ങൾ പോലൊന്നുമല്ല ഉദേ്യാഗം. ഫയലുകളും കുറിപ്പുകളും അഴിമതികളും എന്നെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ എനിക്കവിടെ ഒരു സുഹൃത്തിനെ കിട്ടി. രാമചന്ദ്രൻ. എന്നെപ്പോലെ തന്നെ അസ്വസ്ഥഹൃദയനായിരുന്നു അദ്ദേഹവും. ഞങ്ങൾ കൈമാറാത്ത വിശേഷങ്ങളില്ല. കഥകളില്ല. ഈ വിശേഷങ്ങളും കഥകളുമില്ലായിരുന്നെങ്കിൽ, പൊതുമരാമത്തിൽ ഞാൻ മരവിച്ചുപോകുമായിരുന്നു. രാമചന്ദ്രൻ മൂവാറ്റുപുഴക്കാരനാണ്. പുഴക്കരക്കാവിനടുത്താണ് വീട്. അദ്ദേഹം ഇന്നും എന്റെ സുഹൃത്തുതന്നെ!

പുഴക്കരക്കാവിലെ ഉത്സവത്തിനും വെള്ളപ്പൊക്കങ്ങൾക്കും മേളയിലെ കലാ-സാഹിത്യ പരിപാടികൾക്കും സാക്ഷിയാകുന്നതോടെ ഞാനും മൂവാറ്റുപുഴക്കാരനാവുകയായിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ ഓഫീസ് പുഴക്കരക്കാവിനടുത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

മൂവാറ്റുപുഴയിലെ വുഡ്‌ലാൻഡ്‌സിലായിരുന്നു എന്റെ ഉച്ചഭക്ഷണം. എന്നും കുമ്പളങ്ങകറികൾ. ഒരു ദിവസം ഞങ്ങൾ ചോദിച്ചത് ഇന്നും ഓർക്കുന്നു. പപ്പടവും കുമ്പളങ്ങാകൊണ്ടാണോ സ്വാമീ ? നാലുമണിക്ക് നല്ല പഞ്ഞിപോലുള്ള ദോശകിട്ടുന്ന ചെറിയ ചായക്കടയും പരിപ്പുവട കിട്ടുന്ന പണിക്കരുടെ ചെറിയ കടയും മുടിയേറ്റിൽ കാളി വേഷം കെട്ടുന്ന മാരാർ നടത്തുന്ന ചായക്കടയും ഞങ്ങളുടെ മൂവാറ്റുപുഴയായിരുന്നു.

ഞാൻ മൂവാറ്റുപുഴയിലെത്തുമ്പോൾ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴയിൽ ഇരിക്കുമ്പോൾ നാല് പുസ്തകങ്ങൾ! അപ്പോഴാണറിയുന്നത്, ഞാൻ മൂവാറ്റുപുഴയിലായിട്ട് അഞ്ച് വർഷമാകുന്നു. കാലം വേഗത കൂടിയ ഒരു വാഹനമാകാം. ഞാനും മൂവാറ്റുപുഴ വിടേണ്ടി വന്നു. പൊതുമരാമത്തിൽ വീണ്ടും തുടർന്നെങ്കിലും.പിന്നെ, എവിടെയെക്കെയോ പോയി. ഭൂതത്താൻകെട്ടിലും പെരുമ്പാവൂരിലും ആലുവായിലും . പൊതുമരാമത്തിനോട് വിടപറഞ്ഞ് പബ്ലിക് റിലേഷൻസിലെത്തി. തിരുവനന്തപുരത്തും ഇടുക്കിയിലും ഡൽഹിയിലും. ഇനിയും എവിടെയെല്ലാമോ. ഇതിനിടയിലും പുസ്തകങ്ങൾ എഴുതി. കഥകളെഴുതി. മൂവാറ്റുപുഴ വഴി ധാരാളം സഞ്ചരിച്ചു.

ഒരിക്കലും മറക്കാത്ത കുറേയേറെ നിമിഷങ്ങൾ നൽകിയ മൂവാറ്റുപുഴയെ ഞാനെങ്ങിനെയാണ് മറക്കുക? കലയരങ്ങിന്റെ പൊതുഅരങ്ങിൽ പാതിരാത്രി നാടകം കളിക്കാൻ കയറിയതും കൂട്ടുകാരൻ വറുഗീസിന്റെ വീടിനടുത്ത് തൃക്കളത്തൂരിൽ രാത്രി അതേ നാടകം നടത്തി കൂവൽ വാങ്ങിയതും എനിക്ക് മറക്കാൻ പറ്റുമോ? ജോർജ്ജ് വറുഗീസും രാജനും കൃഷ്ണൻനായരും. അങ്ങിനെ എത്രയെത്ര കൂട്ടുകാർ. എല്ലാവരെപ്പറ്റിയും ഞാനോർക്കുമ്പോൾ, ദുഃഖമായി രാജന്റെ മരണവും.

മൂവാറ്റുപുഴയെ ഞാൻ ഇനിയും സ്‌നേഹിക്കും. ഞാൻ ആദ്യമായി പെണ്ണുകാണാൻ പോയതും മൂവാറ്റുപുഴയിൽ ജോലിചെയ്യുമ്പോഴായിരുന്നുവല്ലോ. അവളെ വിവാഹം കഴിക്കുമ്പോൾ, പക്ഷേ, ഞാൻ ഭൂതത്താൻകെട്ടിലായിരുന്നു. ഇപ്പോഴും ഞാൻ സഞ്ചരിക്കുന്നത് മൂവാറ്റുപുഴയിലൂടെയാണല്ലോ. കോട്ടയവും കോതമംഗലവും, തിരുവനന്തപുരവും കോതമംഗലവും, ഇടുക്കിയും കോതമംഗലവും... അല്ല, ഡൽഹിയും കോതമംഗലവും - എനിക്കെല്ലാ വഴിയും മൂവാറ്റുപുഴ തന്നെ !

 

 
Tweet