ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ

1930 കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. തിരുവതാംകൂറിൽ നിവർത്തന പ്രക്ഷോഭം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ഭരണത്തിൽ നിന്നും ഉദേ്യാഗസ്ഥമേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾക്ക്  അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തനപ്രേക്ഷോഭത്തിന്റെ ലക്ഷ്യം. സി.കേശവൻ, ടി.എം.വർഗീസ്, കെ.സി.മാമ്മൻ മാപ്പിള, പി.കെ.കുഞ്ഞ്, വി.കെ.വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

ഈ കാലഘട്ടത്തിൽ തന്നെ മലബാറിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കർഷകസംഘടനകൾ രൂപം കൊണ്ടത് സമരത്തിന് ശക്തി പകർന്നിരുന്നു.

1937 ൽ ഞാൻ മൂവാറ്റുപുഴ എൻഎസ്എസ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. പ്രായം 17 വയസ്സ്. രണ്ടോ മൂന്നോ കുട്ടികളുള്ള അച്ഛനമ്മമാർ അന്ന് സഹപാഠികളായിട്ടുണ്ട്. 142 കുട്ടികളാണ് സ്‌കൂളിൽ ആകെ പഠിച്ചിരുന്നത്. ശ്രീ.എം.പി.മന്മഥൻ സാറായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഗുരുനാഥൻ.

രാജ്യമാകെ അലയടിച്ചുയർന്ന സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ഞങ്ങളേറ്റുവാങ്ങി. ഒരു ദിവസം രാവിലെ (തീയതി ഓർമ്മിക്കുന്നില്ല) ഞങ്ങൾ 50 ഓളം വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്‌കരിച്ച് മൂവാറ്റുപുഴ ഗവണ്മെന്റ് ഹൈസ്‌കൂളിലേക്ക് (ഇന്നത്തെ മോഡൽ എച്ച്എസ്) ഒരു പ്രകടനം നടത്തി. തോട്ടത്തിൽ കൊച്ചുവർക്കി(പിന്നീട് ഇദ്ദേഹം അങ്കമാലി മൂക്കന്നൂർ പള്ളിയിൽ മൈക്കിൾ ബ്രദർ എന്ന പേരിൽ സേവനമനുഷ്ഠിച്ചു)യായിരുന്നു പ്രകടനം നയിച്ചത്. പി.കെ.പരമേശ്വരൻ നായർ (പിന്നീട് പെരുമ്പാവൂരിൽ അദ്ധ്യാപകനായി), ടി.ജി.ചന്ദ്രശേഖരൻ നായർ(കോതമംഗലം ഗവ.എൽപിഎസിൽ ഹെഡ്മാസ്റ്ററായി സർവ്വീസിൽ നിന്നും വിരമിച്ചു). കല്ലൂർക്കാട്, നാകപ്പുഴ സ്വദേശികളായ എം.പി.മാണി, സ്റ്റീഫൻ, സി.വി.ഔസേഫ്, എം.വി.അഗസ്തി, പി.ശേഖരൻ നായർ(വാഴപ്പിള്ളി) എന്നിവരായിരുന്നു കൂട്ടത്തിലെ മറ്റു നേതാക്കൾ. ഭാരത മാതാ കീ ജയ്, വന്ദേ മാതരം,  ഗാന്ധിജീ കീ ജയ്, ടി.എം.വർഗീസ് കീ ജയ്, സി.കേശവൻ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രകടനം. 

ഗവ.ഹൈസ്‌കൂൾ പരിസരത്ത് പ്രകടനം എത്തിയപ്പോൾ അവിടത്തെ അദ്ധ്യാപകരും കുട്ടികളും സ്‌കൂളിന്റെ ജനാലകളും വാതിലുകളും അകത്തുനിന്ന് അടച്ചു കളഞ്ഞു. പ്രകടനക്കാർ ചെറിയതോതിൽ കല്ലേറും നടത്തി. അപ്പോഴേക്കും പോലീസെത്തി പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് തന്നെ എൻഎസ്എസ് എച്ച്എസിലേക്ക് ഞങ്ങൾ പ്രകടനമായി മടങ്ങി. സ്‌കൂളിന്റെ മുന്നിലെത്തി യോഗം ചേർന്നു. അതിനുശേഷം ഞങ്ങൾ ഞങ്ങളുടെ ക്ലാസ്സുകളിലേക്ക് മടങ്ങി. ശ്രീ.മന്മഥൻ സാർ ഞങ്ങളെ ശാസിച്ചില്ല.

 

 
Tweet